10/26/2017


photo : google

തൊണ്ണൂറുകളുടെ പൊട്ടിത്തെറിച്ച പ്രായം ഓര്‍ക്കുമ്പോള്‍ കണ്ണുകളില്‍  കുളിര്‍മയും മനസ്സില്‍ , ഉണങ്ങിക്കറുത്ത  കസ്തൂരി കുരുകള്‍ കോര്‍ത്തുണ്ടാക്കിയ മാല കഴുത്തിലണിഞ്ഞു നടക്കുമ്പോള്‍ നമുക്ക് ചുറ്റും പരക്കുന്ന അതിമോഹരമായ സുഗന്ധത്തിന്‍റെ മത്തു പിടിപ്പിക്കുന്ന ലഹരിയുമാണ്‌!.

   യുപി സ്കൂള്‍ കഴിഞ്ഞു ഹൈസ്കൂളിലേക്ക് ചേക്കേറുന്നത്തിന്‍റെ അല്ലെങ്കില്‍ യൌവ്വനത്തിന്‍റെ തീഷ്ണമായ അനുഭൂതിയിലേക്ക്‌ കാലെടുത്തു വെക്കുമ്പോയുള്ള സംഭ്രമം, പകപ്പ്, അത്ഭുതങ്ങളുമല്ലാം  മനസ്സിലും ശരീരത്തിലും നിറഞ്ഞു നില്‍ക്കുന്ന ഒരു വല്ലാത്ത കാലമായിരുന്നു അത് . അന്ന് എട്ടാംക്ലാസില്‍ പഠിക്കുന്ന ബാലന് എട്ടും പൊട്ടും തിരിഞ്ഞു വരുന്ന സമയത്ത് പ്രണയത്തിന്‍റെ ബാലാരിഷ്ടതകള്‍  തികച്ചും ജന്യമായിരിക്കും .

  അന്നൊരു ദിവസം, സ്കൂള്‍ വിട്ടുവന്ന് വേഗത്തില്‍ ഭക്ഷണം കഴിച്ചു പാടത്തേക്ക് പത്ത് കളിക്കാന്‍ പോകാനുള്ള പട പുറപ്പാടിലാണ് !. 
വേനല്‍ കാലത്ത് തോടരികിലുള്ള പൂട്ടിയിട്ട ( ഇളക്കിമറിച്ച) പാടത്തെ കട്ട ഉടച്ചുണ്ടാക്കിയ മൈതാനത്തിലേക്ക് നേരത്തിനും കാലത്തിനും  എത്തിയില്ലെങ്കില്‍ കളിക്കാന്‍ സാധിക്കില്ല . കാരണം കാണികള്‍ കുറവും കളിക്കാര്‍ കൂടുതലുമായിരുന്നു!. മീശ മുളച്ച ഞങ്ങളുടെ സിറ്റിയിലെ മൂപ്പന്മാരോ  ( വെറും രണ്ടോമൂന്നോ വയസ്സിന്‍റെ  മൂപ്പേ  കാണാതൊള്ളൂ . എന്നാലും അവരുടെ അധികാരം ഇരട്ട ചങ്കന്മാരുടെതാണ്..ന്‍റെമ്മോ ! ) വേറെ ആളെ ഇറക്കി കളി നടത്തുകയും ചെയ്യും. 

കിട്ടിയ ഷര്‍ട്ടും ഇട്ടു പുറത്തേക്കു ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ഉമ്മ ഉമ്മറപ്പടിയില്‍ നില്‍ക്കുന്നുണ്ട്... അല്പം ദേഷ്യത്തില്‍ തന്നെയാണ് . ഇങ്ങോട്ട് വെടിപൊട്ടിക്കുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു '' ഇന്ന് എന്തായാലും ഷര്‍ട്ട്‌ ഊരിവേച്ചേ കളിക്കൂ , ചളിയാക്കൂല്ലാ ഉമ്മാ ''
'' ആ.. അതൊക്കെ അവിടെ നിക്കട്ടെ... അല്ല ഇജ്ജ് എന്തിനാ  കുട്ടിമാന്‍ കാക്കാന്‍റെ  പെങ്ങളെ കുട്ടിക്ക് അവളെ വീട്ടിലേക്ക് കത്ത് എഴുതിയത് ..ങേ '' 

ഞാന്‍ ഞെട്ടിപ്പോയി. അന്ന്,  ഗള്‍ഫിലുള്ള ഉപ്പാക്ക് കത്തെഴുതുന്നതൊഴിച്ചാല്‍ വേറെ അങ്ങനൊരു കലാപരിപാടിയെ ഇല്ലാത്തതാണ് . ഞെട്ടിയെങ്കിലും ദൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു 
'' കത്തോ..എന്ത് കത്ത് ..ഞാനാര്‍ക്കും കത്ത് എഴുതീട്ടൊന്നുമില്ല . ഞാന്‍ കളിക്കാന്‍ പോവാ ''
'' അവിടെ നിക്ക.. ഇതൊരു തീരുമായായിട്ടു പോയാമതി . ഒന്നും ഇല്ലാതെ അവര് അത്രേം പേര് ഇവിടെ വന്ന് അങ്ങനെയൊക്കെ പറയ്യ്വോ  ''   എന്നും പറഞ്ഞു ഉമ്മ കത്ത് എന്‍റെ നേരെ നിട്ടി .

ഞാനത് തുറന്നു വായിച്ചു നോക്കി . ഇല്ലണ്ടില്‍ ( പഴകാലത്ത് കത്തുകള്‍ എഴുതാന്‍ വേണ്ടി വ്യാപകമായി ഉപയോഗിച്ചിരുന്ന പേപ്പറും കവറും ഒരിമിച്ചുള്ള കാര്‍ഡ് . ഇത് രണ്ടായി മടക്കി സൈഡിലെ വക്കുകളില്‍ നാവു കൊണ്ട് തുപ്പല്‍ തേച്ചു ഒട്ടിച്ചു പിന്നെ  തപ്പാല്‍ സ്റ്റാമ്പ് ഒട്ടിച്ചാണ്  കത്തുക്കള്‍ പോസ്റ്റ്‌ ചെയ്തിരുന്നത്  )   സാമാന്യം ഭേദപ്പെട്ട കയ്യക്ഷരത്തോടെ ഒരുപാട് വാക്കുകള്‍ കുത്തി കുറിച്ചിരിക്കുന്നു .

'' അത് നിന്‍റെ കയ്യക്ഷരമല്ലേ..നിനക്ക് എവിടുന്ന് കിട്ടി ആ കുട്ടിയുടെ അഡ്രെസ്സ് ..അവര് നിലബൂരല്ലേ.. ആ കുട്ടിക്ക് കല്യാണാലോചനകള്‍ വരുന്ന സമയമല്ലേ ...'' ഉമ്മ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു  . 
ഉത്തരം പറയാന്‍ ഞാന്‍ അശക്തനായിരുന്നു   . പുറകില്‍ എഴുതിയിരിക്കുന്ന വിലാസവും  പിന്‍കോഡുമെല്ലാം എന്‍റെത് തന്നെ  . എന്തിനേറെ പറയുന്നു കയ്യക്ഷരം പോലും എന്‍റെതിന് സാമ്യം. പക്ഷെ സ്വപ്നത്തില്‍പ്പോലും ഇങ്ങനെയൊരു കത്ത് ഞാന്‍ എഴുതിയതായിട്ടു ഓര്‍ക്കാന്‍  സാധിക്കുന്നില്ല . അല്ലെങ്കില്‍ത്തന്നെ മീശ മുളക്കാത്ത പ്രായത്തില്‍ പ്രണയലേഖനം !?

അന്നതെകാലത്ത് ഞങ്ങളുടെ നാട്ടില്‍ കല്യാണ പ്രായമായ ഒരു പെണ്‍കുട്ടിക്ക് ഇങ്ങിനെയൊരു കത്തെഴുതുക (കത്ത് വരിക ) എന്നുവെച്ചാല്‍ ആളുകള്‍ ഒരു വലിയ സാമൂഹിക പ്രശനമായി കണക്കാകിയിരുന്നു !.അത് മതി കല്യാണം മുടങ്ങാന്‍ !!. 

ഉത്തരം മുട്ടിപ്പോയ നിമിഷങ്ങള്‍ . തലയുയര്‍ത്തി ഉമ്മയെ നോക്കാന്‍  സാധിക്കുന്നില്ല . കണ്ണുകള്‍ നിറഞ്ഞ്  തൊണ്ടയിടറി  കത്തിലെഴുതിയിരുന്ന ഉള്ളടകം വായിക്കാന്‍ പോലും കഴിയുന്നില്ല . പന്ത്കളിയോര്‍മ്മകള്‍  കുന്നുകയറിപ്പോയ ആ നിമിഷങ്ങളില്‍, എത്ര സമയം അങ്ങിനെ നിന്നെന്നോ , കൊഴിഞ്ഞു പോയെന്നോ  ഞാനറിഞ്ഞില്ല . 

വഴക്ക് പറയാത്ത ഉമ്മ ഇത്ര കര്‍ക്കഷമായിട്ടു എന്നോട് ആദ്യമായിട്ടാണ് സംസാരിക്കുന്നത് . അതും ഞാന്‍ മനസ്സാ വാചാ അറിയാത്ത കാര്യത്തിന് . എങ്കിലും ആരായിരിക്കും ആ കത്ത് ആ പെണ്‍കുട്ടിക്ക് എന്‍റെ പേരില്‍ എഴുതീട്ടുണ്ടാവുക . ഓര്‍ത്തോര്‍ത്തു നോക്കിയിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല .

സങ്കടം കടല്‍ കടന്നു വന്നത് പന്ത്കളി കൂട്ടുകാര്‍ മുനവെച്ചു സംസാരിക്കാന്‍  തുടങ്ങിയപ്പോഴും  ചിലര്‍ നോട്ടം കൊണ്ടു കളിയാക്കി ചിരിച്ചപ്പോഴുമാണ്.   കൂട്ടുകാരികള്‍ ഇവനൊരു വല്യ പുള്ളിയെന്ന ഭാവത്തില്‍ അവരുടെ കളികളില്‍ കൂട്ടാതെയായി . ( ആ കത്ത് ഞങ്ങള്‍ക്ക് തന്നു കൂടായിരുന്നു എന്ന് ഉണ്ടായിരുന്നോ ആവോ !! ) 

പിന്നെയും ഒത്തിരിയൊത്തിരി സങ്കടം വന്നത്  ബാലരമയും അമര്‍ചിത്രകഥകളും  ബാലമംഗളവും പൂമ്പാറ്റയും മലര്‍വാടിയും വീടുകള്‍ കയറിയിറങ്ങി കൈമാറ്റം ചെയ്യല്‍ നിലച്ചപ്പോഴാണ്. ഉമ്മ കര്‍ശനമായി വിലക്കി . മായാവിയും ഡിങ്കനും കുട്ടൂസനും ഡാങ്കിനി അമ്മൂമ്മയും കപ്പീഷും പൂച്ചപ്പോലീസും പട്ടാളം പൈലിയും  മാന്ത്രിക മരുന്നുമൊന്നുമില്ലാത്ത അവസ്ഥ/ നാളുകള്‍  ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു !!.

   കാലങ്ങള്‍ അങ്ങിനെ ഓടിച്ചാടി പോയികൊണ്ടിരുന്നു . മീശ കിളര്‍ത്തു ഞങ്ങളും മൂപ്പന്മാരായി വിലസുന്ന കാലം . സിറ്റിയിലെ പീടിക കോലായിയിലെ  കവുങ്ങിന്‍ തടിയില്‍ കേറിയിരുന്ന് ബഡായികള്‍ വിളമ്പുന്ന, മധുരമുള്ള ഓര്‍മ്മല്‍ പൂക്കുന്ന കാലം . മീശ കറുകറുത്തവരും മീശ വെളുത്തവരും പൊടിമീശക്കാരും ഒന്നിച്ചിരുന്നു പടച്ചോന്‍റെ ദുനിയാവിലെ സകലമാന കാര്യങ്ങളെ കുറിച്ചും സംവാദിക്കുന്ന സോഷിലിസം കായ്ക്കുന്നതുമായ ഒന്നാന്തരം കാലം ! . 

അങ്ങിനെ കത്തുകളെ കുറിച്ചും  ചര്‍ച്ച വന്നു . ( അന്ന് ഞങ്ങളുടെ സിറ്റിയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് എന്‍റെ പേരുക്കാരായിരുന്നു , ഞങ്ങള്‍ അഞ്ചു - ആറു ഒരേ പേരുകാര്‍ ഉണ്ടായിരുന്നെന്ന് തോന്നുന്നു .  ഇനീഷ്യലില്‍ മാത്രം മാറ്റം) അതിലൊരാള്‍ നിലംബൂരിലെ ഒരു കുട്ടിക്ക്  കത്തയച്ചതും അറിഞ്ഞോ അറിയാതെയോ പറഞ്ഞു .

ഞാനവനെ സ്വകാര്യമായി വിളിച്ച് കാര്യമന്വോഷിച്ചു ..നിനക്ക് എവിടുന്ന് കിട്ടി ആ കുട്ടിയുടെ വിലാസം . അവന്‍ പറഞ്ഞു വീട്ടില്‍ വന്ന കഥാ പുസ്തകത്തില്‍ നിന്നെന്ന് . കാര്യങ്ങള്‍ എനിക്ക് പൂര്‍ണ്ണമായും ബോധ്യമായി !.

''സുഹൃത്തേ ..കാലങ്ങള്‍ക്ക് മുമ്പ് നീ അയച്ച ആ കത്തിന് അന്ന് ബലിയാടായത് ഞാനായിരുന്നു ''  ഞാന്‍ അവനോടു കാര്യങ്ങള്‍ പറഞ്ഞു .

അവന്‍ ചിരിച്ചിട്ട് പറഞ്ഞു 
'' നീയിനി ഇത് ആരോടും പറയേണ്ടട്ടോ ! ''
#asrus 
പിന്‍ കുറിപ്പ് : 
ഇതൊന്നും നിങ്ങള്‍ ആരോടും പറയില്ലല്ലോ..ല്ലേ 
ഇത്രേം പറഞ്ഞപ്പോ നല്ല റിലാക്സേഷന്‍ ഉണ്ട് ..അതോണ്ടാ :p 


2 അഭിപ്രായ(ങ്ങള്‍):

Post a Comment

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block