9/03/2019


        ബാപ്പ മരിച്ചതറിഞ്ഞു ദൃതിയില്‍ വീട്ടില്‍ തിരിച്ചത്തുകയായിരുന്നു . പുറത്തു ആളുകള്‍ തടിച്ചു കൂടുകയും അടക്കം പറയുകയും ചെയ്യുന്നുണ്ട് . രാവിലെ ചില ആവിശ്യങ്ങള്‍ക്ക് വേണ്ടി  വീട്ടില്‍ നിന്ന് തിരിക്കുമ്പോള്‍  ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല . പറയത്തക്ക അസുഖവും ഇല്ല . ഓട്ടോയില്‍ ഞാന്‍ വന്നിറങ്ങുന്നത് കണ്ടു ആളുകളുടെ കുസു-കുസുക്കല്‍ കൂടിയിരിക്കുന്നു ! . പലരും പലതും ചോദിക്കുന്നുണ്ട് . മനസ്സ് നിഗൂഢമായ ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേളയില്‍ മറ്റു ബഹളങ്ങളൊന്നും എന്റെ ബുദ്ധിമണ്ഡലം സ്വീകരിക്കുന്നുണ്ടായിരുന്നില്ല ! .

വെറും നാലുവരിയുള്ള വരാന്തയുടെ പടവുകള്‍ അലക്ഷ്യമായി കിടക്കുന്ന പാതപോലെയാണ് എനിക്ക് തോന്നിയത് . നടന്നിട്ടും നടന്നിട്ടും ദൂരം എന്നെയും വലിച്ചു കൊണ്ട് പിന്നെയും പിന്നെയും പോകുന്നതു പോലെ...കൈകാലുകള്‍ക്ക് ഒരു വിറയല്‍ ഉണ്ട് , ശരീരം തണുത്ത് വിയര്‍ക്കുന്നുമുണ്ട് !... വായില്‍ ഉമിനീരിന്റെ ലഭ്യതക്കുറവില്‍ നാവും ചുണ്ടുകളും  വിളറിയിരിക്കുന്നു

ഇരുപൊളിയോടെ  കനമേറിയ പഴയ മണിച്ചിത്രത്താഴുള്ള വാതിലിനരികത്തു എത്തിയപ്പോള്‍, കാഠിന്യഭാവത്തിലിരിക്കുന്ന കറുത്ത്തടിച്ച കുറിയ മനുഷ്യന്‍, വെളുത്ത പല്ലുകളും ചുകന്ന മോണയും കാട്ടി ചിരിച്ച് കൊണ്ട് അടച്ചിട്ട വാതിലിലേക്ക് അയാള്‍ ചൂണ്ടു വിരല്‍ എറിഞ്ഞു .
എന്തിനാണ് അയാള്‍ ചിരിക്കുന്നത്..അതുമൊരു മരണവീട്ടില്‍. എല്ലാവരും ശോകമൂകമായിരിക്കുന്ന വേളയില്‍ !.   അയാളുടെ മുഖത്തേക്ക് തുറിച്ചുനോക്കി കൊണ്ട് തന്നെ നിശബ്ദത  തളംകെട്ടി നില്‍ക്കുന്ന വരാന്തയില്‍ നിന്ന് ഞാന്‍ മെല്ലെ വാതിലില്‍ തള്ളി. കാതിനു പുളിപ്പ് കേറുന്ന  ചിലമ്പിച്ച ശബ്ദത്തില്‍ വാതില്‍ അകത്തേക്ക് പരുക്കനായി തുറന്നു. അകത്തെ മുറിയിലേക്ക് നോക്കുമ്പോള്‍ നാലഞ്ചു പടവുകള്‍ കീഴ്പ്പോട്ടു കാണപ്പെട്ടു . ഇങ്ങനെ എങ്ങനെ വന്നു അതും എന്റെ വീട്ടില്‍ !

ഇരുണ്ട വെളിച്ചത്തില്‍  വിജനമായി കിടക്കുന്ന ഇടുങ്ങിയ  മുറിയിലെ  ഒരു പഴയ ചെരിഞ്ഞ കാലുള്ള പടി (കട്ടില്‍)യില്‍ വെള്ളതുണിയില്‍ പൊതിഞ്ഞു മയ്യത്ത് ഒറ്റക്ക് കിടത്തിയിരിക്കുന്നു , ചുറ്റും ഒരു മനുഷ്യകുഞ്ഞില്ലാതെ !.

അത് അങ്ങിനെയാണ് ഭൌതികമായ ദ്രവ്യവും ഊര്‍ജവും ഗതിയും പ്രകൃതിയുമെല്ലാം നഷ്ടമായി ശരീരം ഉപേക്ഷിച്ചു പ്രാണന്‍ പോയാല്‍ പിന്നെ ആരെ ആര്‍ക്കാണ് വേണ്ടത് . പേരുപോലും ഉപേക്ഷിച്ചു പോകുന്നു വെള്ളത്തുണിയില്‍ പൊതിഞ്ഞ 'മയ്യത്ത് '!!

 മരണ വീടുകളില്‍ സാധാരണയായി കാണുന്ന ചന്ദനത്തിരി കത്തിക്കാലോ കുന്തിരക്കം പുകയിക്കാലോ യാസീന്‍( ഖുര്‍ആന്‍) ഓതല്‍ പ്രക്രിയകളോ ഒന്നും തന്നെയില്ലാതെ...എന്താണ് ഇവര്‍ക്കൊക്കെ സംഭവിച്ചത് !. എന്താ ഇങ്ങനെയൊക്കെ...ഇതായിരുന്നോ ബന്ധങ്ങള്‍, ഒരു നിമിഷം കൊണ്ട് ഒരറ്റ നിമിഷം കൊണ്ട് .. ഒന്ന് നീട്ടി വിളിക്കാന്‍ ഒരു പേരുപോലുമില്ലാതെ... എങ്ങിനെയാണ് നാം ഇങ്ങിനെ ഒറ്റാക്കാവുക !!.

 ഇരുണ്ട വെളിച്ചത്തില്‍ കുറെ കണ്ണുകള്‍ എന്ന തുറിച്ചുനോക്കികൊണ്ടിരിക്കുന്നുവോ !?   എനിക്ക് ചുറ്റും വിചിത്രമായി എന്തൊക്കയോ സംഭവിക്കുന്നത്‌ പോലെ...ഇതാണോ മരണം , ഇങ്ങനെയാണോ മരണവീട് ..അവസ്ഥ !!!

 എന്‍റെ ശ്വസനിശ്വസഗതികള്‍ ആ മുറിയിലാകെ  അലയടിച്ചു നടന്നു . ഹൃദയമിടിപ്പ്‌ ഡോള്‍ മുട്ടന്നത് പോലെ പ്രകമ്പനമായി കാതിലേക്ക് തുളച്ചുകയറി. കാലിന്റെ പെരുവിരലില്‍ നിന്ന് വൈദ്യുതി തരംഗങ്ങള്‍ ശരീരമാകെ പ്രവഹിച്ചു കൊണ്ടിരിക്കുന്നു .  മയ്യത്തിന് മുകളിലെ തുണി ഒറ്റയ്ക്ക് എടുത്തു  മാറ്റുവാന്‍  എന്‍റെ കൈകള്‍ അശക്തമായിരിക്കുന്നു .. ഒന്ന് കരയാനോ ഒച്ച വെക്കുവാനോ സാധിക്കാതെ തൊണ്ടകുഴിയിലെ പേശികള്‍ വലിഞ്ഞു മുറികിയിരിക്കുന്നു. കണ്ണുകളില്‍ ഭയവും നിരാശയും കൂടുകൂട്ടിയിരിക്കുന്നു .

മരിച്ചു നിശ്ചലമായി കിടക്കുന്നബാപ്പയുടെ  ആ മുഖമൊന്നു കാണാന്‍  മനസ്സിന് കെല്‍പ്പില്ലാതെ, അശക്തനായി  ഞാന്‍ വരാന്തയിലേക്ക് തന്നെ തിരിച്ചു നടക്കാന്‍ തുടങ്ങുബോള്‍ പിറകില്‍ നിന്ന് ഒരു വിളി...
'' എവിടെയായിരുന്നു നീ ഇത്ര സമയം ''
ഞെട്ടിത്തരിച്ചു പോയി ഞാന്‍ .. ശരീരമാകെ കൊള്ളിമീന്‍ പാഞ്ഞു !. കൈകാലുകള്‍ കുഴഞ്ഞു തളര്‍ന്നു വീഴുമെന്ന അവസ്ഥയിലായി . പുറകിലേക്ക് തിരിഞ്ഞു നോക്കാന്‍ പോലും ശരീരം വഴങ്ങുന്നില്ല . എത്ര സമയം സ്തംഭനായി അങ്ങിനെ  നിന്നെന്നു പോലും എനിക്കറിയില്ലായിരുന്നു !!.

'' നിന്നോടാണ് ഞാന്‍ ചോദിച്ചത്.. എന്നെ കാണാന്‍ നീ എന്താണ് ഇത്രയും താമസിച്ചു വന്നത്  ''.

സ്തംഭനായിത്തന്നെ പുറകിലേക്ക് തിരിഞ്ഞു നോക്കവേ..കട്ടിലില്‍ എണീറ്റിരിക്കുന്ന ബാപ്പ എന്നെ നോക്കി പുഞ്ചിരിക്കുന്നു !. ആ കണ്ണുകളും മുഖവും എന്തന്നില്ലാത്ത വിധം പ്രകാശപൂരിതമായിരിക്കുന്നു. പഴയ കുറുമ്പും ദേശ്യവുമുല്ലാം ഒട്ടുംതന്നെ ആ മുഖത്ത് കാണാനില്ല !.

ആശ്ചര്യം എന്‍റെ കണ്ണുകളില്‍ തളംകെട്ടി നില്‍ക്കെ , ആ ചുണ്ടുകളില്‍ നിന്ന് വീണ്ടും വീണ്ടും വാക്കുകള്‍ അടര്‍ന്നു വീണു കൊണ്ടിരുന്നു... പക്ഷെ എന്‍റെ കേള്‍വികള്‍ക്ക് പോലും ഒരുതരം മരവിപ്പായിരുന്നു . എനിക്ക് ചുറ്റും പ്രപഞ്ചം വട്ടം കറങ്ങുന്നപ്പോലെ..നക്ഷത്രങ്ങളും ഉല്‍ക്കകളും ഗാലക്സിതന്നെ ഞാനായത് പോലെ ...എന്താണ് എനിക്ക് സംഭവിക്കുന്നത്‌ !

'' ആ .. നീ വരുന്നതും കാത്ത് ഞാനീ മുറിയില്‍ ഒറ്റക്ക് കിടക്കാന്‍ തുടങ്ങീട്ടു മണിക്കൂറുകള്‍ ആയന്ന്‍ തോന്നുന്നു . ആരൊക്കെയോ ചേര്‍ന്ന് എന്നെ ഈ ഇരുണ്ട മുറിയില്‍  കൊണ്ടുവന്നു കിടത്തുകയായിരുന്നു . എനിക്ക് കാറ്റും വെളിച്ചവുമുള്ള ആ കോലായി(വരാന്ത)യില്‍ കിടക്കാനായിരുന്നു ആഗ്രഹം . ഇവിടെ ശ്വാസംതിങ്ങി തിങ്ങി കിടക്കുകയാണ് ..ഒട്ടും ആശ്വാസമല്ല ഇവിടം '' ബാപ്പ സംസാരിക്കുകയാണ് .
പണ്ടേ ബപ്പാക്ക് കാറ്റും വെളിച്ചവും കിട്ടുന്ന  വിസ്തൃതമായ കോലായിയാണ് ഇഷ്ടം. പിന്നെ ആരാണ് ഈ ഇടുങ്ങിയ മുറിയില്‍ കൊണ്ട് കിടത്തി ബന്ധസ്ഥനാക്കിയത്...എന്താ നമ്മളിങ്ങനെ !!?. 
മരിച്ചെന്ന് ആളുകള്‍ കള്ളം പറഞ്ഞതാവുമോ , ആളുകള്‍ വീടിനു ചുറ്റും കൂടി അടക്കം പറയുന്നതെന്തിനാവാം , ആ കുള്ളന്‍ എന്നെനോക്കി ചിരിച്ചതന്തിനാണ് !?. നൂറായിരം ചോദ്യങ്ങള്‍ എന്‍റെ തലക്ക് ചുറ്റും ഭ്രമരം കൊണ്ടു...!

പടികള്‍ കേറി വാതില്‍  ശക്തിയായി  വലിച്ചു തുറന്നു  ഞാന്‍ പുറത്തേക്കു കടന്നു . പുറത്തു കൂരിരുട്ടു പടര്‍ന്നിരിക്കുകയാണ് !. പുറത്തു ആരെയും കാണുന്നുന്നില്ല. അകത്തേക്ക് പോയവഴിയിലൂടെ അല്ലല്ലോ ഞാന്‍ പുറത്തേക്ക് വന്നത് ! . ആരാണ് എന്നെ ഇവിടേക്ക് കൊണ്ടുവന്നത് !! .

 പരന്നുകിടക്കുന്ന കബറുകളും അതിനുമീതെ പന്തലിച്ച കുറ്റിചെടികളും വളഞ്ഞു പുളഞ്ഞു പോകുന്ന ഇടുങ്ങിയ നടപ്പാതയും...യാ റബ്ബേ ...

തിരഞ്ഞു നോക്കുമ്പോള്‍ ബാപ്പാന്റെ കബറിനു മുകളിലെ  മണ്ണിന്റെ സൈഡില്‍ മീസാന്‍ കല്ല്‌ ഇളകി കിടക്കുന്നുണ്ട് .
പിന്നീട് ഒന്നുകൂടെ തിരിഞ്ഞു നോക്കാതെ ഞാന്‍ വീട് ലക്ഷ്യമാക്കി നടന്നു, തളര്‍ന്ന ശരീരവും മനസ്സുമായി...

'' എന്തിനാണ് നമ്മള്‍ ഇങ്ങിനെ ഒറ്റക്കാവുന്നത് !''

തൊട്ടടുത്ത  പള്ളിയില്‍ നിന്ന് സുബഹി ബാങ്ക് വിളിക്കുന്നുമുണ്ട്.
''അസ്സലാത്തു ഖൈറും മിനനൌം
( ഉറക്കിനെക്കാളും നല്ലത് പ്രാര്‍ഥനയാണ് )''

#asrus 

6 അഭിപ്രായ(ങ്ങള്‍):

  1. മരണം നിഷേധിക്കാനാവാത്ത സത്യമാണ്.നമുക്കത് ഉൾക്കൊള്ളാൻ ഏറെ പ്രയാസപ്പെടും സ്വപ്നമായാൽ പോലും! കുറെ കാലത്തിനു ശേഷം നിന്നെ ബ്ലോഗിൽ കണ്ടു. സന്തോഷം.

    ReplyDelete
  2. മരണം അതൊരു സത്യമാണ്. വേണ്ടപ്പെട്ടവരുടെ മരണങ്ങൾ തരുന്ന ഷോക്ക് വളരെ വലുതാണ്.

    ReplyDelete
  3. Nallezhuthu....maranam ....athoru vallatha avasthayanu...maricha veedu.... vayanayil adyam muthale swpnam anennu thonniyirunnu . Ashamsakal

    ReplyDelete
  4. എഴുത്ത് ഇഷ്ടമായി !

    ReplyDelete
  5. ബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്... ആദ്യം വായിച്ച പോസ്റ്റ് തന്നെ പേടിപ്പിച്ചുകളഞ്ഞല്ലോ ;-) ഫോളോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനി പോസ്റ്റ് വന്നാൽ ഉടനെ അറിയും

    ReplyDelete
  6. ഉള്ളിൽത്തട്ടുന്ന എഴുത്ത്!
    ആശംസകൾ

    ReplyDelete

അഭിപ്രായം , അത് എന്തുതന്നെ ആയാലും തുറന്നു പറയൂ ,
ധീരതയോടെ...അതാണ്‌ എനിക്കിഷ്ടവും!
thankz in adv ;)

copy block